വാഷിംഗ്ടൺ ഡിസി: വെനസ്വേലയെ പിടിച്ചുകുലുക്കിയ അതിശക്തമായ ഇരട്ട ഭൂകമ്പത്തെത്തുടർന്ന് അടിയന്തര സഹായവുമായി അമേരിക്ക. യുഎസ് ദുരന്തനിവാരണ സേനയെ വെനസ്വേലയിലേക്ക് അയച്ചതായി ട്രംപ് ഭരണകൂടം അറിയിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുകയാണ് വെനസ്വേലയുടെ ഇപ്പോഴത്തെ ഏറ്റവും അടിയന്തര ആവശ്യമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. വെർജീനിയയിലെ ഫെയർഫാക്സ് കൗണ്ടി, ലോസ് എഞ്ചലസ് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധ തെരച്ചിൽ-രക്ഷാപ്രവർത്തന സംഘങ്ങളെ ഇതിനകംതന്നെ വെനസ്വേലയിലേക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ സംഘങ്ങളെ ഉടൻ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“അവിടെ നിരവധി കെട്ടിടങ്ങളാണ് തകർന്നുവീണിട്ടുള്ളത്. അവശിഷ്ടങ്ങൾക്കിടയിൽ കുടങ്ങിപ്പോയവരെ പുറത്തെടുക്കാൻ അവർക്കു വലിയതോതിലുള്ള സഹായം ആവശ്യമുണ്ട്. ഇതിനായുള്ള ദുരന്തനിവാരണ സംഘങ്ങളെയും മാനുഷിക സഹായങ്ങളെയും വിദേശകാര്യ വകുപ്പ് സജ്ജമാക്കിക്കഴിഞ്ഞു” റൂബിയോ പറഞ്ഞു.
മാർപാപ്പ ഒരു ലക്ഷം യൂറോ കൈമാറി
വത്തിക്കാൻ സിറ്റി: അതിശക്തമായ ഇരട്ട ഭൂകമ്പത്തിൽ തകർന്നടിഞ്ഞ വെനസ്വേലയ്ക്ക് അടിയന്തര സാമ്പത്തിക സഹായവുമായി ലെയോ പതിനാലാമൻ മാർപാപ്പ. ദുരന്തബാധിത മേഖലകളിലെ പ്രാഥമിക ആശ്വാസ പ്രവർത്തനങ്ങൾക്കായി 1,00,000 യൂറോ മാർപാപ്പ അനുവദിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള വത്തിക്കാന്റെ പ്രത്യേക വിഭാഗം വഴിയാണ് ഈ തുക കൈമാറിയത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനസ്വേലയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ആൽബർട്ടോ ഒർട്ടേഗ മാർട്ടിൻ, കാരക്കാസ് ആർച്ച്ബിഷപ് റൗൾ ബിയോർഡ് കാസ്റ്റിലോ എന്നിവരുമായി മാർപാപ്പ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. ഇതിനുശേഷമാണ് അടിയന്തര സഹായം കൈമാറാൻ തീരുമാനിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.
ഇപ്പോൾ പ്രഖ്യാപിച്ച ധനസഹായം ആദ്യഘട്ട നടപടി മാത്രമാണെന്നും വത്തിക്കാൻ വരും ദിവസങ്ങളിൽ പ്രാദേശിക സഭയുടെ നിർദേശങ്ങൾക്കനുസൃതമായി വെനസ്വേലൻ ജനതയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൂടുതൽ സഹായങ്ങൾ എത്തിക്കാൻ നിരന്തരമായ ശ്രദ്ധയുണ്ടാകുമെന്നും വത്തിക്കാൻ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കത്തോലിക്കാ സന്നദ്ധസംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം വെനസ്വേലയിലെ നിരവധി പള്ളികൾക്കും പാരിഷ് ഹൗസുകൾക്കും മറ്റു സഭാസ്ഥാപനങ്ങൾക്കും ഭൂകമ്പത്തിൽ വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്.